പരിസ്ഥിതി ബോധവത്കരണവും പ്രോത്സാഹനവും

നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും പൊതു സമൂഹത്തില്‍ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ പദ്ധതിയുടെ കീഴിലായി പാരിസ്ഥിതികം, ഭൂമിത്രസേന ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലൂടെ ധനവിനിയോഗം നടത്തിക്കൊണ്ട് പരിസ്ഥിതി അവബോധപ്രവര്‍ത്തനങ്ങള്‍ ഡയറക്ടറേറ്റ് നടത്തിവരുന്നു. കൂടാതെ സെമിനാറുകള്‍, വര്‍ക്‌ഷോപ്പുകള്‍, ക്വിസ്, ബ്രോഷറുകള്‍, പ്രിന്റഡ് ഇലക്്‌ട്രോണിക് മെറ്റീരിയല്‍ ഇവയുടെ പ്രസിദ്ധീകരണം എന്നിവയും ഉള്‍പ്പെടുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങളുടെ ആഘോഷം (ലോക പരിസ്ഥിതി ദിനം, ലോക തണ്ണീര്‍ത്തട ദിനം) ഡയറക്ടറേറ്റ് നടത്തിവരുന്നു. 2011-12 കാലയളവില്‍ ആരംഭംക്കുറിച്ച ഭൂമിത്രസേനാ ക്ലബ്ബുകള്‍ സംസ്ഥാനത്തുടനീളം 354 എണ്ണത്തോളം നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ ക്ലബ്ബുകളിലെ അംഗങ്ങളുടെ സഹായത്തോടുകൂടി തുണി സഞ്ചികളുടെ ഉത്പാദനം, ഔഷധ സസ്യങ്ങള്‍, ചിത്രശലഭ ഉദ്യാനം, ജൈവകൃഷി, നക്ഷത്ര വനം, എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ധനസഹായം നല്‍കികൊണ്ട് ഈ ക്ലബ്ബുകള്‍ക്കുവേണ്ട പ്രോത്സാഹനവും ഡയറക്ടറേറ്റ് നല്‍കിവരുന്നു. സര്‍ക്കാരിതര സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പ്രോഫഷണല്‍ സംഘടനകള്‍ എന്നിവയിലൂടെ സംസ്ഥാനതലത്തില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ‘പാരിസ്ഥിതികം’. പ്രാഥമിക പരിസ്ഥിതി സംരക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതുവഴി ഗ്രാമപ്രദേശങ്ങളില്‍ പരിസ്ഥിതി വിജ്ഞാപനം വ്യാപിപ്പിക്കുന്നതിനുള്ള ‘ഹരിതസ്പര്‍ശം’ പോലുള്ള പരിപാടികളും ഡയറക്ടറേറ്റ് നടപ്പിലാക്കുന്നുണ്ട്.