കാലാവസ്ഥാവ്യതിയാനം

ഒരു നൂറ്റാണ്ടിലേറെയായി ഭൂമിയുടെ കാലാവസ്ഥയില്‍ അപകടകരമാം വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവയൊന്നും തന്നെ സ്വാഭാവികമായ പ്രകൃതിയുടെ മാറ്റം കൊണ്ട് മാത്രം സംഭവിച്ചു പോരുന്നതല്ല. ഹരിതഗ്രഹ വാതകങ്ങളുടെ വര്‍ദ്ധനയും ആഗോള താപനിലയിലുള്ള ഉയര്‍ച്ചയും കാലാവസ്ഥാവ്യതിയാനത്തെ ത്വരിതപ്പെടുത്തുന്നു. ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. ഇതിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ട് കാലാവസ്ഥാവ്യതിയാനം എന്ന വിപത്തിനെ നേരിടാന്‍ ഏവരും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥ, ഭക്ഷ്യമേഖല, ജലവിതരണം, ആരോഗ്യം എന്നീ മേഖലകളില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്ന പ്രാധാനപ്പെട്ട ഒരു വെല്ലുവിളിയായി കാലാവസ്ഥാവ്യതിയാനവും അതിന്റെ ദൂഷ്യഫലങ്ങളും ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവയെ നേരിടാന്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍, തീരുമാനങ്ങള്‍ ഉടനടി കൈക്കോള്ളേണ്ട അവസ്ഥയിലെത്തി യിരിക്കുന്നു. ലോകമെമ്പാടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു. കേരളത്തില്‍ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച കാര്യങ്ങളില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ച് വരുന്ന കാര്യാലയമാണ് പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്. ഈ വിഷയത്തില്‍ വിവിധ പ്രോജക്ടുകള്‍ക്കായി വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഡയറക്ടറേറ്റ് ധനസഹായം നല്‍കി വരുന്നു.